കോൺഗ്രസ് നേരിടുന്ന യാർത്ഥ ഭീഷണി സ്വന്തം അധികാരം മാത്രം ലക്ഷ്യമിട്ട് പിണിയാളുകളെ സൃഷ്ടിച്ച് പ്രചാരണം നടത്തുകയും അവരെ ഉപയോഗിച്ച് വിലപേശൽ നടത്തുകയും ചെയ്യുന്നവരാണെന്ന് മുൻ ചരിത്രങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. സന്നദ്ധ സേവന സംഘടനകളായി വന്ന് ഗ്രൂപ്പായി വളർന്ന് പിന്നീട്, വിലപേശൽ നടത്തി ഒടുവിൽ പാർട്ടിയെ പിളർത്തി മറുകണ്ടം ചാടി ബിജെപിയിലും സിപിഎമ്മിലും വിടുപണിയും കൂട്ടിക്കൊടുപ്പും അടുക്കള പണിയും ചെയ്യുന്ന ഒരുപാട് പേർ കോൺഗ്രസിനുള്ളിൽ കലാപം സൃഷ്ടിച്ചവരാണ്. ഇവിടെ, കോൺഗ്രസിനുള്ള ജനാധിപത്യപരമായി ആശയ പോരാട്ടം രാജകീയ ശൈലിയിൽ നടത്തി നേതാക്കളായിരുന്ന പലരും സിപിഎമ്മിലും ബിജെപിയിലും അടിമപ്പണിയും ശുചിമുറി കഴുകലുമായി നടക്കുകയും വല്ലപ്പോഴും എറിഞ്ഞിട്ടു കിട്ടുന്ന അപ്പക്കഷണം ഞൊട്ടിനുണഞ്ഞ ശേഷം വർധിത വീര്യം അഭിനയിച്ച് കോൺഗ്രസിന് നേരേ കുരച്ചു ചാടുകയും ചെയ്യുന്ന കാഴ്ചയും കാണാം. മറുവശത്തുള്ളവരോട് വിലപേശാനുള്ള ശക്തിയും വിലയും കോൺഗ്രസിൽ നിന്ന് ആർജിച്ച ശേഷം തിരിഞ്ഞ് കോൺഗ്രസിനെ കടിച്ചവർ നിരവധിയാണ്. അത്തരക്കാർ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന സൂചന നൽകി കൊണ്ട് ഒരു കുറിപ്പ് മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത് വൻ ചർച്ചയാകുകയാണ്. അത്പൂർണരൂപത്തിൽ ചുവടെ -
യഥാർത്ഥ കോൺഗ്രസ്സുകാർ ജാഗ്രത കാണിക്കണം.
കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പേരു ചേർത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാൽ പാർട്ടിയുമായി പിണങ്ങി നിന്നവർ കോൺഗ്രസ്സ് വിട്ട ചരിത്രം നാം കണ്ടതാണ്. പലരും പിന്നീട് തിരിച്ചു വരാതെ സി.പി.എം. , ബി.ജെ.പി. സംഘടനകളിൽ സജീവമാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഡി.ഐ.സി. രൂപീകരണത്തെ തുടർന്ന് കോൺഗ്രസ്സ് വിട്ടു പോകാൻ നിർബന്ധിതരായ ഒട്ടേറെ പ്രവർത്തകർ മറ്റു പാർട്ടികളിൽ സജീവമായി. ചിലർ എന്നെന്നേക്കുമായി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു.
ചരിത്രത്തിൻ്റെ പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണം. രാഷ്ട്രീയ മെയ് വഴക്കം അറിയാത്ത ഒരു പാട് നല്ല കോൺഗ്രസ്സുകാർ കൊച്ചു കൊച്ചു കാരണങ്ങൾ കൊണ്ട് ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് മാറി നില്ക്കുന്നു. ഒരു പുതിയ കോൺഗ്രസ്സിൻ്റെ ആവിർഭാവം ചെറിയ തോതിലെങ്കിലും മാതൃസംഘടനയായ കോൺഗ്രസ്സിന് ദോഷമേ വരുത്തുകയുള്ളൂ. സംഘടന കോൺഗ്രസ്സ് , പിന്നീട് എൻ.സി.പി. തുടർന്ന് ഡി.ഐ.സി.യുടെ ആഗമനം, കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു പാഠമാകേണ്ടതുണ്ട്.
-മുല്ലപ്പള്ളി രാമചന്ദ്രൻ
The real Congress should be careful against those who come with small organizations in the name of saving the Congress Mullapally Ramachandran.